നാകപ്പുഴ: സെന്റ്.മേരീസ് ഹൈസ്‌ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ശതാബ്ദി ആരംഭത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. ജൂലൈ 19ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഈശ്വരപ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ സ്വാഗതമേകിയത് ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി തോമസ് ആയിരുന്നു. ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്‌കൂളിൽ നടക്കാൻ പോകുന്ന തയ്യൽ - സൈക്ലിംഗ് പരിശീലനം, സ്പോക്കൻ ഇംഗ്ളീഷ് ക്ലാസ്സുകൾ തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് ടീച്ചർ പറഞ്ഞു. സ്‌കൂൾ മാനേജർ റവ. ഫാ ജെയിംസ് വരാരപ്പിള്ളിയാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. തുടർന്ന് വിദ്യാർത്ഥിനിയായ ഗംഗ ഗാനം ആലപിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീന സണ്ണി നിർവ്വഹിച്ചു.
പൂർവ അധ്യാപകരും വിദ്യാർത്ഥികളുമായിരുന്ന പി.സി ജോസഫിനെയും മേരി മാത്യുവിനെയും സ്‌കൂൾ മാനേജരും മുതിർന്ന അധ്യാപികയായ ശ്രീമതി മേരിക്കുട്ടിയും പൊന്നാട അണിയിച്ചു ആദരിക്കുകയുണ്ടായി. തുടർന്ന് ശതാബ്ദി ആഘോഷങ്ങളുടെ ആരംഭമായി ഇരുവരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഇരുവരും പഴയകാല ഓർമ്മകളെപ്പറ്റി സംസാരിച്ചത് കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി മാറി.
അസിസ്റ്റന്റ് വികാരി റവ.ഫാ ആന്റണി കാളാംപറമ്പിൽ സ്‌കൂൾ ബ്ലോഗ്, യൂട്യൂബ് ചാനൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകുന്നതിനായി നാകപ്പുഴ KCYM സ്‌കൂളിലേക്ക് സൈക്കിൾ വിതരണം നടത്തി. സ്വയംതൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ നാകപ്പുഴ മാതൃദീപ്തി തയ്യൽമെഷീൻ വിതരണവും നടത്തി.
പിടിഎ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യു, പൂർവ അദ്ധ്യാപിക ശ്രീമതി. മർത്താമ്മ ജോസ്, അലുമിനി അസോസിയേഷൻ പ്രതിനിധി ശ്രീ. പ്രദീപ്കുമാർ എം.എൻ, എംപിടിഎ പ്രസിഡന്റ് ശ്രീമതി. സാലി ജോസഫ് എന്നിവർ ആശംസകൾ ആർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. യോഗത്തിന് കൃതജ്ഞത അർപ്പിച്ചത് സ്‌കൂൾ ലീഡർ കുമാരി ജെസ്ന ഫ്രാൻസിസ് ആയിരുന്നു. ദേശീയഗാനത്തോടുകൂടി പരിപാടികൾ സമാപിച്ചു.